രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ അമ്മയുടെ മനസ്സിൽ ആദ്യം വന്ന ചോദ്യം അതായിരുന്നു.
“ഉച്ചയ്ക്ക് കടലക്കറി കഴിച്ചതാണോ കാരണം?”
വീട്ടുകാരുടെ ഉപദേശവും ഉടനെത്തി:
“പരിപ്പും കടലയും കാബേജും വേണ്ട. അതെല്ലാം അമ്മ കഴിച്ചാൽ കുഞ്ഞിന് ഗ്യാസ് വരും.”
അമ്മ പേടിച്ച് ഓരോ ഭക്ഷണമായി ഒഴിവാക്കിത്തുടങ്ങി. പക്ഷേ കുഞ്ഞിന്റെ ഗ്യാസ് കുറഞ്ഞില്ല. അമ്മയുടെ ഭക്ഷണം മാത്രം കുറഞ്ഞു!
യാഥാർഥ്യം എന്താണെന്നറിയാമോ?
അമ്മ പരിപ്പോ കടലയോ കാബേജോ കഴിക്കുമ്പോൾ അമ്മയുടെ കുടലിൽ രൂപപ്പെടുന്ന വാതകം മുലപ്പാലിലൂടെ കുഞ്ഞിന്റെ വയറ്റിലെത്തുകയില്ല. അതിനാൽ അമ്മയ്ക്ക് ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണം കുഞ്ഞിനും ഗ്യാസ് ഉണ്ടാക്കുമെന്ന് ഉറപ്പിച്ചു പറയാനാവില്ല.
കുഞ്ഞുങ്ങളിൽ ഗ്യാസ് സാധാരണമാണ്. അവരുടെ ദഹനവ്യവസ്ഥ ഇനിയും പൂർണമായി വളർന്നിട്ടില്ല. മുലകുടിക്കുമ്പോഴും കരയുമ്പോഴും വായു അകത്തേക്ക് പോകാം. മുലയിൽ ശരിയായി പിടിക്കാത്തത്, പാൽ വേഗത്തിൽ വരുന്നത്, അമിതമായി കുടിക്കുന്നത്, റിഫ്ലക്സ് എന്നിവയും അസ്വസ്ഥതയ്ക്ക് കാരണമാകാം.
എന്നാൽ അമ്മയുടെ ഭക്ഷണത്തിന് കുഞ്ഞിന്റെ അസ്വസ്ഥതയുമായി ഒരിക്കലും ബന്ധമില്ലെന്നല്ല.
അമ്മ കഴിക്കുന്ന ചില ഭക്ഷണങ്ങളിലെ പ്രോട്ടീനുകളുടെ ചെറിയ അംശങ്ങൾ മുലപ്പാലിലെത്താം. വളരെ കുറച്ച് കുഞ്ഞുങ്ങൾക്ക് അവയോട് സംവേദനക്ഷമതയോ അലർജിയോ ഉണ്ടാകാം. ഇതിൽ കൂടുതലായി സംശയിക്കപ്പെടുന്നത് പശുവിൻപാൽ പ്രോട്ടീനാണ്.
അത്തരം പ്രശ്നമുണ്ടെങ്കിൽ വെറും ഗ്യാസ് മാത്രമാകണമെന്നില്ല. കുഞ്ഞിൽ:
• തുടർച്ചയായ കടുത്ത കരച്ചിൽ
• ആവർത്തിച്ചുള്ള ഛർദി
• വയറിളക്കം
• മലത്തിൽ രക്തമോ കഫമോ
• എക്സിമയോ ചുവന്ന തടിപ്പുകളോ
• പാൽ കുടിക്കാൻ മടി
• ശരീരഭാരം വേണ്ടത്ര കൂടാതിരിക്കുക
എന്നിവയും കാണാം.
അപ്പോൾ അമ്മ എന്തുചെയ്യണം?
കുഞ്ഞിന് ഗ്യാസ് ഉണ്ടെന്ന കാരണത്താൽ പരിപ്പ്, പയർ, കടല, പച്ചക്കറി, പാൽ, മുട്ട തുടങ്ങി പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ സ്വയം ഒഴിവാക്കരുത്. അമ്മ ആരോഗ്യകരവും വൈവിധ്യമുള്ളതുമായ ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.
ഒരു പ്രത്യേക ഭക്ഷണം അമ്മ കഴിക്കുന്ന ഓരോ തവണയും കുഞ്ഞിന് ഒരേ പ്രശ്നം ആവർത്തിക്കുന്നുണ്ടെങ്കിൽ അത് കുറിച്ചുവയ്ക്കാം. അമ്മ കഴിച്ച ഭക്ഷണം, കുഞ്ഞിന് ലക്ഷണം തുടങ്ങിയ സമയം, ലക്ഷണത്തിന്റെ സ്വഭാവം എന്നിവ രേഖപ്പെടുത്തുക. തുടർന്ന് ശിശുരോഗവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം സംശയിക്കുന്ന ഒരു ഭക്ഷണം താൽക്കാലികമായി ഒഴിവാക്കി പരിശോധിക്കാം. നിരവധി ഭക്ഷണങ്ങൾ ഒരുമിച്ച് ഒഴിവാക്കുന്നത് അമ്മയ്ക്ക് പോഷകക്കുറവുണ്ടാക്കാം.
കുഞ്ഞിനെ മുലകുടിക്കുന്നതിനിടയിലും ശേഷവും ഏമ്പക്കം വിടീക്കുക. ശരിയായി മുലയിൽ പിടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. മുലകുടിക്കുമ്പോൾ കഴിയുന്നത്ര നേരെ പിടിക്കുന്നതും കുഞ്ഞ് വിഴുങ്ങുന്ന വായുവിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം.
ഓർക്കുക:
അമ്മ കഴിച്ച ഭക്ഷണം തന്നെയാണ് കുഞ്ഞിന്റെ എല്ലാ ഗ്യാസിനും കാരണമെന്ന് കരുതേണ്ട. അമ്മയുടെ ഭക്ഷണം അനാവശ്യമായി വെട്ടിക്കുറയ്ക്കുകയും വേണ്ട. ലക്ഷണങ്ങൾ ആവർത്തിച്ചാൽ കാരണം ഊഹിക്കാതെ ശിശുരോഗവിദഗ്ധന്റെ സഹായം തേടുകയാണ് ശരിയായ വഴി.
ശ്വാസതടസ്സം, മുഖമോ ചുണ്ടുകളോ വീർക്കൽ, പച്ചനിറത്തിലുള്ള ഛർദി, മലത്തിൽ രക്തം, പനി, പാൽ കുടിക്കാതിരിക്കൽ, അസാധാരണമായ മയക്കം എന്നിവയുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം.
Disclaimer:- ഇത് ചികിത്സയല്ല. താഴെ തന്നിരിക്കുന്ന ആധികാരിക സൈറ്റിൽ ലഭ്യമായ വിവരങ്ങൾ മാത്രമാണ്.
ആധികാരിക സ്രോതസുകൾ:
• American Academy of Pediatrics — HealthyChildren.org
https://www.healthychildren.org/English/ages-stages/baby/diapers-clothing/Pages/Breaking-Up-Gas.aspx
• U.S. Centers for Disease Control and Prevention
https://www.cdc.gov/breastfeeding-special-circumstances/hcp/diet-micronutrients/maternal-diet.html
• NHS — Colic and Breastfeeding
https://www.nhs.uk/best-start-in-life/baby/feeding-your-baby/breastfeeding/breastfeeding-challenges/colic/
#അമ്മഅറിയാൻ #മുലയൂട്ടൽ #കുഞ്ഞിന്റെആരോഗ്യം




